കന്നഡ ഭാഷ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന കന്നഡ ഇതര ഭാഷാ സമൂഹങ്ങൾക്കായി ബംഗളൂരു കേരള സമാജം, കർണാടക കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ ‘കന്നഡ കലിയോണ’ എന്ന ഭാഷാപഠന പദ്ധതിക്ക് ഇന്ന് തുടക്കമാകുന്നു.
ഇന്ന് വൈകിട്ട് 5 മണിക്ക് ഇന്ദിരാനഗർ കെ.എൻ.ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കർണാടക കന്നഡ വികസന അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ പദ്ധതി ഉദ്ഘാടനം ചെയ്യും.
കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ.സന്തോഷ് ഹനഗൽ അധ്യക്ഷത വഹിക്കും. കന്നഡ ഇതര ഭാഷാ സമൂഹങ്ങളിൽ കന്നഡ ഭാഷയോടുള്ള താൽപര്യം വളർത്തുകയും ഭാഷാപഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മൂന്ന് മാസക്കാലം എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും വൈകിട്ട് 6.30 മുതൽ കന്നഡ ഭാഷാ ക്ലാസുകൾ സംഘടിപ്പിക്കും. കന്നഡ ഭാഷ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള അടിസ്ഥാന പരിശീലനമാണ് ക്ലാസുകളിലൂടെ നൽകുക.
ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 98800 66695 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.