ലഡാക്കിലെ അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തു. ലഡാക്കിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ മരിക്കുകയും 90-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ലേ അപെക്സ് ബോഡി ആഹ്വാനം ചെയ്ത ബന്ദിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 50-ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സോനം വാങ്ചുക്കും ലേ അപെക്സ് ബോഡി (LAB), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) എന്നിവരുമാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി നൽകണമെന്നും, ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് 2025 സെപ്റ്റംബർ 10-ന് വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചിരുന്നു. എന്നാൽ, അക്രമ സംഭവങ്ങൾ വർധിക്കുന്നതിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി, 15 ദിവസത്തെ നിരാഹാരം സെപ്റ്റംബർ 24ന് അദ്ദേഹം അവസാനിപ്പിച്ചു.