അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയവരെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട നടൻ വിനായകനെതിരെ പോലീസിൽ പരാതി. പോസ്റ്റിൽ മുൻ പ്രധാനമന്ത്രിമാർക്ക് നേരെയും പരാമർശമുണ്ട്. പരാതി നൽകിയത് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

നടൻ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അധിക്ഷേപ പരാമർശം നടത്തിയത്. ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി, രാജീവ് ഗാന്ധി, ഇന്ദിര ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നീ പേരുകൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാൽ വി.എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യവുമായി നടൻ ബുധനാഴ്‌ച രംഗത്തെത്തിയിരുന്നു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രദേശത്തെ ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തായിരുന്നു വിനായകൻ വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ചത്.

വിനായകനും ജനകീയ കൂട്ടായ്മയിലെ മറ്റ് അംഗംങ്ങളും “ഇല്ലാ ഇല്ലാ മരിക്കുന്നില്ല. സഖാവ് വി.എസ് മരിക്കുന്നില്ല. ജീവിക്കുന്നു ഞങ്ങളിലുടെ’ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ചത്.

Related Posts