സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ കർണാടകയിൽ പുതിയ ജാതി സെൻസസ് (സാമുഹിക, വിദ്യാഭ്യാസ സർവേ) നടത്തും. ഒക്ടോബർ അവസാനത്തോടെ കർണാടക സംസ്ഥാന പിന്നാക്ക വർഗ കമ്മീഷൻ നേതൃത്വം നൽകുന്ന സർവേ പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. സിദ്ധരാമയ്യ സർക്കാറിൻ്റെ ഇതിനെ അടിസ്ഥാനമാക്കിയാവും അടുത്ത ബജറ്റ് രൂപപ്പെടുത്തുക. ബുധനാഴ്ച പുതിയ ജാതി സെൻസസിന് മുന്നോടിയായുള്ള പ്രാഥമിക യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗ ളൂരുവിൽ നടന്നു.
സർവേയർമാർക്ക് പരിശീലനമടക്കമുള്ള സർവേയുടെ മുന്നൊരുക്കങ്ങൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. പുതിയ സാമൂഹിക വിദ്യാഭ്യാസ സർവേ നടത്തണമെന്ന നിർദേശം കർണാടക സംസ്ഥാന പിന്നാക്ക വർഗ കമ്മീഷൻ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സർവേക്ക് അനുമതി നൽകിയതെന്ന് സിദ്ധരാമയ്യ യോഗശേഷം പറഞ്ഞു. സർവേയിൽ കർണാടകയിലെ 7 കോടി ജനങ്ങളെയും ഉൾപ്പെടുത്തുമെന്നും ജാതി വിവേചനം തുടച്ചുനീക്കുകയാണ് ജാതി സെൻസസിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഭു ഉടമസ്ഥത, ഓരോ പൗരന്റെയും സാമ്പത്തിക സ്ഥിതി തുടങ്ങിയ സംബന്ധിച്ച സമഗ്ര വിവരങ്ങളും സർവേയിൽ ഉൾപ്പെടുത്തും.
സർവേ രാജ്യത്തിനുതന്നെ മാതൃകയാവുന്ന വിധത്തിലാണ് സംഘടിപ്പിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായിരിക്കെ 2015 ൽ 165 കോടി ചെലവിൽ സംഘടിപ്പിച്ച ജാതി സെൻസസ് പല വിവാദങ്ങൾക്കും ശേഷം അടുത്തിടെയാണ് സർക്കാറിന് സമർപ്പിച്ചിരുന്നത്. ജാതി സെൻസസിനെതിരെ സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്തുകളും വൊക്കലിഗരും പ്രത്യക്ഷമായി പ്രതിഷേധമറിയിക്കുകയും പുതിയ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യമുയർത്തുകയും ചെയ്തിരുന്നു.