ബെംഗളൂരുവിലെ നമ്മ മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമായി 3,699 മരങ്ങൾ മുറിച്ചുമാറ്റാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസി) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയോട് അനുമതി അഭ്യർഥിച്ചു. ഹൊസഹള്ളി–കഡംബഗരെ ഓറഞ്ച് ലൈൻ നിർമാണത്തിനായാണ് മരങ്ങൾ നീക്കം ചെയ്യുന്നത്.

ഹൊസഹള്ളി, കെഎച്ച്ബി കോളനി, കാമാക്ഷിപാളയ, സുമനഹള്ളി ക്രോസ്, സുങ്കതഘട്ടെ, ഹാരോഹള്ളി, ബൈദരഹള്ളി, കാമത്ത് ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുന്നത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്.

മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം ഇരട്ടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് ബിഎംആർസി ഉറപ്പുനൽകിയിട്ടുണ്ട്. മരംമുറിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതികളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഹൊസഹള്ളിയിൽ നിന്ന് കഡംബഗരെ വരെ 12.45 കിലോമീറ്റർ നീളത്തിൽ എലിവേറ്റഡ് മെട്രോ പാതയാണ് നിർമിക്കുന്നത്. ജെപി നഗർ നാലാംഘട്ടം മുതൽ കെംപാപുര വരെയുള്ള 32.2 കിലോമീറ്റർ പാതയും മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമാണ്.

Related Posts