50000 രൂപ കൈക്കൂലിവാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന്‍റെ പിടിയിലായി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസാണ് പിടിയിലായത്. 50000 രൂപ തണ്ടപ്പേർ സർട്ടിഫിക്കറ്റിനായി എത്തിയ ആളോട് കൈക്കൂലി വേണമെന്നാണ് ജോസ് ആവശ്യപ്പെട്ടത്. വിജിലൻസിൽ പരാതി നൽകിയത് പയ്യമ്പള്ളി സ്വദേശിയാണ്.
പരാതിക്കാരനു പിതാവ് നൽകിയ പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാടിയിലുള്ള 73 സെന്‍റ് വയലും 52 സെന്‍റ് കരഭൂമിയും അടങ്ങുന്ന വസ് ഇഷ്ടദാനമായി രജിസ്റ്റർ ചെയ്യാനാണ് തണ്ടപ്പേർ സർട്ടിഫിക്കറ്റ് ആവശ്യമായിവന്നത്. ജൂലായ് 26-ന് ഇതിനായി അപേക്ഷ നൽകിയെങ്കിലും പലതവണ വില്ലേജ് ഓഫീസിലെത്തിയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല.
വില്ലേജ് ഓഫീസറെ നിരന്തരം ബന്ധപ്പെട്ടപ്പോൾ പിതാവിൻ്റെ പേരിലുള്ള വസ്‌തു പാലക്കാടുള്ള മൈനറായ മറ്റൊരു വ്യക്തിയുടെ പേരിലാണെന്നും തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബുദ്ധിമുട്ടാണെന്നുമാണ് അറിയിച്ചത്. സ്ഥലം അളന്നുനോക്കിയതിനുശേഷം സർട്ടിഫിക്കറ്റിൻ്റെ കാര്യത്തിൽ വ്യക്തത വരുത്താമെന്നറിയിച്ച വില്ലേജ് ഓഫീസർ ജോസ് തിങ്കളാഴ്ച സ്ഥലത്തെത്തിയിരുന്നു.
തൻ്റെ ഓഫീസ് മുറിയിൽ രാത്രി വിളിപ്പിച്ചശേഷമാണ് ജോസ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച വള്ളിയൂർക്കാവിൽ വെച്ച് വിജിലൻസ് സംഘം പരാതിക്കാരന് കൈമാറിയ നോട്ടുകെട്ടുകൾ വാങ്ങി ജോസ് തന്‍റെ കാറിൽ കയറവേയാണ് വിജിലൻസ് സംഘം പിടികൂടിയത്.
അടുത്തദിവസം തന്നെ ജോസിനെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നും അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900, 9447789100 വിവരങ്ങൾ നൽകണമെന്നും വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാം ആവശ്യപ്പെട്ടു.