സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്… ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.
കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. ഇടുക്കി ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ട, വയനാട് ജില്ലകളിലും സമാനമായ ഉത്തരവാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചത്.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നദികൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ സമീപത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.