മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുമായ വീണ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന രണ്ടാമത്തെ ചോദ്യം ചെയ്യലായിരുന്നു ഇത്.
കൊച്ചിയിലെ ഇഡി ഓഫീസിൽ ഏകദേശം ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വീണ മടങ്ങിയത്. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയിൽ നിന്ന് ലഭിച്ച പുതിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യൽ.
നേരത്തെ ജൂൺ 29-ന് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും, അന്വേഷണത്തിന് നിർണായകമായ രേഖകൾ ലഭിച്ചതിനെ തുടർന്ന് ഇഡി വീണയെ നേരത്തെ തന്നെ വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ വിവിധ സാമ്പത്തിക രേഖകളും ഇടപാട് വിവരങ്ങളും സംബന്ധിച്ച് വിശദീകരണം തേടിയതായാണ് വിവരം.
അന്വേഷണം തുടരുന്നതിനാൽ വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. കേസിലെ തുടർനടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് അന്വേഷണ വൃത്തങ്ങൾ വിലയിരുത്തുന്നത്.