കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ആശ്വാസം ലഭിക്കാനിടയാകുന്ന നിർണായക നിർദേശം മുന്നോട്ട്. യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന യൂസർ ഡെവലപ്മെന്റ് ഫീസ് (UDF) 18 ശതമാനം വരെ കുറയ്ക്കാൻ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റിക്ക് ശുപാർശ സമർപ്പിച്ചു.
നിർദേശം അംഗീകരിക്കപ്പെട്ടാൽ 2026 സെപ്റ്റംബർ മുതൽ ആഭ്യന്തര യാത്രക്കാരുടെ യുഡിഎഫ് നിലവിലെ 1,550 രൂപയിൽ നിന്ന് 1,450 രൂപയായി കുറയും. അന്താരാഷ്ട്ര യാത്രക്കാർക്ക് നിലവിൽ ഈടാക്കുന്ന 1,500 രൂപയ്ക്ക് പകരം 1,215 രൂപ മാത്രം നൽകേണ്ടിവരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിൽ ചെറിയ കുറവ് പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
2026 സെപ്റ്റംബർ മുതൽ 2029 മാർച്ച് വരെയാകും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. തുടർന്ന് 2029 ഏപ്രിൽ മുതൽ ആഭ്യന്തര യാത്രക്കാർക്കുള്ള യുഡിഎഫ് 1,245 രൂപയായും അന്താരാഷ്ട്ര യാത്രക്കാർക്കുള്ളത് 1,050 രൂപയായും വീണ്ടും കുറയ്ക്കാനുള്ള പദ്ധതിയും ബിഐഎഎൽ മുന്നോട്ടുവച്ചിട്ടുണ്ട്.
രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമായ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 2025-26 സാമ്പത്തിക വർഷത്തിൽ 4.41 കോടി യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു. വിമാനത്താവള വികസനത്തിനും പുതിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്കുമായി 18,635 കോടി രൂപയുടെ നിക്ഷേപ പദ്ധതിയും ബിഐഎഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.
യാത്രക്കാരിൽ നിന്ന് യുഡിഎഫ് നേരിട്ട് ഈടാക്കുന്നില്ല. വിമാന ടിക്കറ്റ് നിരക്കിൽ തന്നെ ഈ തുക ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, ഫീസ് കുറച്ചാൽ ടിക്കറ്റ് നിരക്കിലും അതിൻ്റെ പ്രതിഫലനം കാണാനാകും. എന്നാൽ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന യാത്രക്കാരിൽ നിന്ന് യുഡിഎഫ് ഈടാക്കുന്ന നിലവിലെ രീതി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.