ബെംഗളൂരുവിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെയും ഗതാഗതപ്രശ്നങ്ങളെയും ഉയർത്തിക്കാട്ടി കർണാടക സർക്കാരിനെതിരേ രൂക്ഷവിമർശനം നടത്തിയ ബയോകോൺ ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും സന്ദർശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച്ച. ദീപാവലി ആശംസകൾ കൈമാറാനാണ് ഷാ എത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു.
നിരവധി വ്യവസായപ്രമുഖരും കിരൺ മജുംദാർ ഷായ്ക്കൊപ്പം സർക്കാരിനെ വിമർശിച്ചിരുന്നു. ഇത് വലിയ ചർച്ചയായിമാറുകയും കിരൺ മജുംദാർ ഷാ ഉൾപ്പെടെയുള്ള വ്യവസായപ്രമുഖർക്കെതിരേ സർക്കാർ കടുത്തഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. കിരൺ മജുംദാർ ഷായ്ക്കും മോഹൻദാസ് പൈയ്ക്കും വ്യക്തിപരമായ അജൻഡയുണ്ടെന്നും കഴിഞ്ഞ ഭരണകാലത്ത് ഇവർ ഇത്തരം പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ശിവകുമാർ ആരോപിച്ചു. ഇതിനിടയിൽ ആന്ധ്രപ്രദേശ് സർക്കാർ ബെംഗളൂരുവിലെ വ്യവസായങ്ങളെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു. കിരൺ മജുംദാർ ഷായുടേതുൾപ്പെടെയുള്ളവരുടെ നിലപാടിനെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കടുത്തഭാഷയിൽ വിമർശിച്ചു. ബെംഗളൂരുവിൽ വ്യവസായമാരംഭിച്ച് വളർന്നുവന്നവരാണിവരെന്നും വേരുകൾ മറക്കരുതെന്നും ഡി.കെ. ശിവകുമാർ മുന്നറിയിപ്പു നൽകി. തങ്ങളുടെ വളർച്ചയ്ക്ക് കാരണമായ നഗരത്തെ ദ്രോഹിക്കരുതെന്നും റോഡുകളിലെ കുഴികൾ അടയ്ക്കാൻ സർക്കാർ എല്ലാശ്രമങ്ങളും നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.