കർണാടകയിലെ വിജയനഗരയിലെ പുരാവസ്തു വകുപ്പിൻ്റെ (എഎസ്ഐ) സംരക്ഷണത്തിലുള്ള കല്ലേശ്വര ക്ഷേത്രത്തിൽ കിണറ്റിൽ വീണ് ഒമ്പത് വയസ്സുകാരൻ ദാരുണമായി മരിച്ചു. വിഷ്ണു വിനോദ് എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്.

ഞായറാഴ്ച മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയ കുട്ടി ക്ഷേത്രപരിസരത്ത് പന്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ പന്ത് തുറന്നുകിടന്ന കിണറ്റിലേക്ക് വീണതോടെ അത് എടുക്കാൻ ശ്രമിച്ച കുട്ടി കാൽ വഴുതി കിണറ്റിലേക്ക് പതിക്കുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിലുള്ള പൈതൃക കേന്ദ്രമായിട്ടും കിണറിന് ചുറ്റും സുരക്ഷാ വേലിയോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഒരുക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സംഭവത്തിൽ എഎസ്ഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Related Posts