ബാംഗ്ലൂരിലെ ചൂടിനെ തടുക്കാൻ മറ്റൊരു മാർഗമില്ലെന്ന് ചൂണ്ടിക്കാട്ടി വീടിന് തൊട്ടടുത്ത ഹോട്ടലിൽ ഒരു എസി മുറി തന്നെ ബുക്ക് ചെയ്ത് പെൺകുട്ടി. ബാംഗ്ലൂർ സ്വദേശിയായ പ്രിയ പാലിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീടിന് തൊട്ടടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പ്രിയ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എസിയോ കൂളറോ വാങ്ങാൻ നോക്കിയെങ്കിലും കടകളിൽ ഒന്നും അത് ഇവ ലഭ്യമാവാത്ത അവസ്ഥയാണെന്ന് പ്രിയ പറയുന്നു.
‘ഓൺലൈനിൽ ബുക്ക് ചെയ്താൽ കുറഞ്ഞത് നാലു ദിവസമെങ്കിലും പിടിക്കും ലഭിക്കാൻ. അതുക്കൊണ്ട് ഇന്ന് ഹോട്ടലിൽ മുറി ബുക്ക് ചെയ്യാമെന്ന് കരുതി. അവധി ദിവസമായതിനാൽ പുറത്തു പോകാതെ എസി റൂം ബുക്ക് ചെയ്ത് നെറ്റ്ഫ്ലിക്സ് കണ്ട് ഇരിക്കാം.’ – പ്രിയ വീഡിയോയിൽ പറയുന്നു.
വീഡിയോക്ക് പല തരത്തിലുള്ള മറുപടികളാണ് ലഭിക്കുന്നത്. ചൂടിൽ നിന്ന് രക്ഷ നേടാൻ പലരും ഇതേ കാര്യങ്ങൾ തന്നെ ചെയ്യുന്നുണ്ടെന്ന് കമന്റുകൾ വരുന്നു. ബാംഗ്ലൂരിലെ പല സ്ഥലങ്ങളിലും എസിയോ കൂളറോ ലഭിക്കാനില്ലെന്ന് പലരും പറയുന്നുണ്ട്.