കന്നഡയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന പ്രശസ്ത കന്നഡ നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ബംഗളൂരു മല്ലേശ്വരത്തെ വസതിയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. സിനിമയിൽ ആറുപതിറ്റാണ്ടോളം സജീവമായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ കന്നഡത്തു പൈങ്കിളി എന്നും കന്നഡയിൽ അഭിനയ സരസ്വതിയെന്നുമായിരുന്നു സരോജാ ദേവി അറിയപ്പെട്ടത്. കന്നഡ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർസ്റ്റാർ എന്നും അവർ അറിയപ്പെട്ടിരുന്നു.
മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെ 17-ാം വയസിൽ ആയിരുന്നു അരങ്ങേറ്റം. 1955-ലായിരുന്നു ആ ചിത്രത്തിൻ്റെ റിലീസ്. കന്നഡയിൽ കിത്തൂർ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തുരി നിവാസ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായി. 29 വർഷത്തിനിടയിൽ 1955 നും 1984 നും ഇടയിൽ തുടർച്ചയായി 161 സിനിമകളിൽ നാ യികയായി അഭിനയിച്ച ഏക ഇന്ത്യൻ നടിയായിരുന്നു സരോജ. നാടോടി മന്നൻ, തിരുമണം എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ ചെയ്തു. ഭൂകൈലാസ്, പാണ്ഡുരംഗ മാഹാത്മ്യം എന്നീ ചിത്രങ്ങളിലെ അഭിനയം തെലുങ്കിലും ശ്രദ്ധേയയാക്കി. ഹിന്ദിയിലും ഒട്ടേറെ ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 1969 ൽ പദ്മശ്രീയും 1992 ൽ പദ്മഭൂഷൺ ബഹുമതിയും ലഭിച്ചിട്ടുണ്ട്.