2025ലെ ദസറ ആഘോഷത്തിനിടെ ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 32കാരനായ കാർത്തിക്കിന് വധശിക്ഷ. മൈസൂരുവിലെ പ്രത്യേക പോക്സോ കോടതി ജഡ്ജി ആനന്ദ് പി. ഉഗാഡെയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. സിദ്ധലിംഗപുര സ്വദേശിയായ കാർത്തിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കലബുറഗിയിൽനിന്ന് മൈസൂരുവിലെത്തിയ നാടോടി കുടുംബത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ദസറ ആഘോഷത്തോടനുബന്ധിച്ച് ബലൂൺ വിൽക്കാനാണ് കുടുംബം നഗരത്തിലെത്തിയത്. ദസറ എക്സിബിഷൻ മൈതാനത്തിന് എതിർവശത്തുള്ള ഇട്ടിഗെഗുഡുവിന് സമീപം താൽക്കാലിക ഷെഡ് കെട്ടിയാണ് കുടുംബം താമസിച്ചിരുന്നത്.

2025 ഒക്ടോബർ എട്ടിന് രാത്രി കുടുംബത്തിലെ എട്ട് പേർ ഷെഡിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. പിറ്റേന്ന് രാവിലെ താമസസ്ഥലത്തിന് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

നസർബാദ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ച പൊലീസ് 24 മണിക്കൂറിനുള്ളിൽ കോലേഗലിൽനിന്ന് കാർത്തിക്കിനെ അറസ്റ്റ് ചെയ്തു. സ്വകാര്യ ബസിൽ ക്ലീനറായി ജോലി ചെയ്തിരുന്ന ഇയാൾ നേരത്തെയും കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നുവെന്നും ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

സർക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. ജയന്തി കോടതിയിൽ വാദിച്ചു. കേസിലെ തെളിവുകൾ പരിഗണിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു.

Related Posts