ബെംഗളൂരുവിലെ തനിസാന്ദ്രയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കാർ ഗാരേജിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 25-ലധികം വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ആഡംബര കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തീയിൽ നശിച്ചതായി അധികൃതർ അറിയിച്ചു.

ഗാരേജിൽ പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങൾക്കകം തീ മറ്റ് വാഹനങ്ങളിലേക്കും പടർന്നതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി. കനത്ത പുകയും ഉയർന്ന ജ്വാലകളും ഏറെ ദൂരം വരെ ദൃശ്യമായിരുന്നു.

വിവരം ലഭിച്ച ഉടൻ അഗ്നിശമനസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് പിന്നിലെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts