മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഷീതള മാതാ ക്ഷേത്രത്തിന് സമീപം തീർഥാടകരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. നെല്ല് കയറ്റിവന്ന ട്രക്ക് ചിനോർ ഭാഗത്തുനിന്ന് ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നെങ്കിലും ട്രക്ക് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോയി. തുടർന്ന് ക്ഷേത്രത്തിൻ്റെ പ്രവേശനകവാടത്തിലും പുറംമതിലിലും ഇടിച്ചുകയറി.

അപകടത്തിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിൽക്കുകയും ഇരിക്കുകയും ചെയ്തിരുന്ന തീർഥാടകർ ട്രക്കിനടിയിൽപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കവാടത്തിൻ്റെ മതിലിൻ്റെ ഒരു ഭാഗം തകർന്നുവീണതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലെത്തിച്ചു. അപകടസ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബാരിക്കേഡുകൾ മറികടന്ന് ട്രക്ക് നിയന്ത്രിത മേഖലയിലേക്ക് എങ്ങനെ പ്രവേശിച്ചുവെന്നും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്താണെന്നും പരിശോധിച്ചുവരികയാണ്. ട്രക്കിൻ്റെ സാങ്കേതിക തകരാറുകൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

Related Posts