കർണാടക രാഷ്ട്രീയത്തിൽ വിവാദമായ സ്റ്റിങ് ഓപ്പറേഷൻ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും വിഷയത്തിൽ സർക്കാർ നിഷ്ക്രിയത്വം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി)യെ വീണ്ടും കണ്ട് കുമാരസ്വാമി ചർച്ച നടത്തി.

രണ്ട് ദിവസം മുമ്പ് ഡിജിപിയുടെ ഓഫീസിലെത്തിയ കുമാരസ്വാമി, സ്റ്റിങ് ഓപ്പറേഷനു പിന്നിലുള്ളവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് അദ്ദേഹം വീണ്ടും ഡിജിപിയെ കണ്ടത്. കേസിൽ ഇതുവരെ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിലെ മന്ത്രിസഭയിലെ ചില പ്രമുഖ മന്ത്രിമാരും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രി തന്നെ മന്ത്രിസഭാ യോഗത്തിൽ പരാമർശിച്ചതായി കുമാരസ്വാമി പറഞ്ഞു. പ്രതികൾക്കെതിരെ 17–18 ജാമ്യമില്ലാ വാറന്റുകൾ നിലവിലുണ്ടെന്നാണ് തൻ്റെ ആരോപണമെന്നും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിൻ്റെ മൗനവും നടപടിയില്ലായ്മയും തുടർന്നാൽ വരാനിരിക്കുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ വിധാൻസൗധയ്ക്കു മുന്നിൽ സിംഹാസനം സ്ഥാപിച്ച് സ്റ്റിങ് ഓപ്പറേഷനു പിന്നിലുള്ള വ്യക്തിക്ക് ‘കർണാടക രത്ന’ പുരസ്കാരം നൽകുന്നതാണ് ഉചിതമെന്ന് പരിഹാസരൂപേണ കുമാരസ്വാമി പറഞ്ഞു. വിഷയത്തിൽ ഡിജിപി നിയമപരമായി എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts