ബെംഗളൂരു നമ്മ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുത്താൻ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി നടപ്പാക്കി. ജനവിശ്വാസ് (ഭേദഗതി) നിയമം, 2026 പ്രകാരമുള്ള ഭേദഗതികളെ തുടർന്നാണ് പിഴത്തുകകൾ ഗണ്യമായി വർധിപ്പിച്ചത്. ജൂൺ 19 മുതൽ പുതുക്കിയ പിഴനിരക്കുകൾ പ്രാബല്യത്തിൽ വരും.
മുമ്പ് ഇത്തരം ചെറിയ നിയമലംഘനങ്ങൾക്ക് സാധാരണയായി ₹500 മാത്രമായിരുന്നു പിഴ. പുതിയ ചട്ടപ്രകാരം അത് അഞ്ചിരട്ടിയിലേറെയായി വർധിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരിൽ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) അറിയിച്ചു.
₹2,500 മുതൽ ₹10,000 വരെ പിഴ ലഭിക്കാവുന്ന ലംഘനങ്ങൾ
മൊബൈലിൽ റീൽസ്, വീഡിയോകൾ, സംഗീതം സ്പീക്കറിൽ പ്ലേ ചെയ്യുക (ഇയർഫോൺ ഉപയോഗിക്കാതെ)
സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ഉച്ചത്തിൽ സംസാരിക്കുകയോ ബഹളംവയ്ക്കുകയോ ചെയ്യുക
മെട്രോ കോച്ചിലോ സ്റ്റേഷനിലോ തറയിൽ ഇരിക്കുക
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പൊതുശല്യങ്ങൾ സൃഷ്ടിക്കുക.
₹5,000 മുതൽ ₹25,000 വരെ പിഴ ലഭിക്കാവുന്ന ഗുരുതര ലംഘനങ്ങൾ
മെട്രോ ട്രാക്കിലേക്ക് ഇറങ്ങുകയോ ട്രാക്കിലൂടെ നടക്കുകയോ ചെയ്യുക
ടിക്കറ്റ് അല്ലെങ്കിൽ ട്രാവൽ പാസ് ദുരുപയോഗം ചെയ്യുക
മെട്രോ പരിസരത്ത് അനുമതിയില്ലാതെ വ്യാപാര പ്രവർത്തനങ്ങൾ നടത്തുക
മെട്രോയുടെ സ്വത്തുക്കൾ നശിപ്പിക്കുക, ചുവരുകളിൽ പോസ്റ്റർ ഒട്ടിക്കുക, എഴുത്തോ ഗ്രാഫിറ്റിയോ നടത്തുക. ഇത്തരത്തിലുള്ള നാശനഷ്ടങ്ങൾക്ക് മുമ്പത്തേതിനേക്കാൾ വളരെ ഉയർന്ന പിഴയാണ് ഇനി ഈടാക്കുക.