കോട്ടയം മറ്റപ്പള്ളി ചിറപ്പുറത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. ജോബി (50)യുടെ ഭാര്യ ജോസ്‌ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെയാണ് മരിയ തെരേസയുടെ മരണം സംഭവിച്ചത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ ജോസ്‌നയും മരിച്ചു. ജോസ്‌നയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഇരുവരുടെയും സംസ്കാരം പിന്നീട് നടക്കും. ജോബിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇളയ മകൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും കളനാശിനി കഴിച്ച് അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് കളനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച ഉച്ച മുതൽ ജോസ്‌നയുടെ സഹോദരൻ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല. തുടർന്ന് മറ്റപ്പള്ളിയിലെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പിൻവാതിൽ ചവിട്ടിത്തുറന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇളയ മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Related Posts