സൗത്തിലെ കോടിഹള്ളി കെംപാലനാഥയിൽ 16 വയസ്സുകാരിയെ വെടിവച്ച് കൊന്ന് മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയായ 16 വയസ്സുകാരന് പുറമെ സഹോദരൻ പുട്ടമാഡ (19), അമ്മാവൻ ഹരീഷ് (40) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 10നാണ് സംഭവം നടന്നത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും കഴിഞ്ഞ രണ്ട് മാസമായി വാടകവീട്ടിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പെൺകുട്ടി മറ്റൊരു യുവാവുമായി സമൂഹമാധ്യമത്തിൽ ചാറ്റ് ചെയ്യുന്നത് കണ്ടതിനെ തുടർന്ന് ഉണ്ടായ തർക്കത്തിനൊടുവിൽ പ്രതി നാടൻ തോക്ക് ഉപയോഗിച്ച് മുഖത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടി മരിച്ചതിന് പിന്നാലെ സഹോദരൻ പുട്ടമാഡയുടെയും അമ്മാവൻ ഹരീഷിൻ്റെയും സഹായത്തോടെ സമീപത്തെ കൃഷിയിടത്തിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പിന്നീട് ഹരീഷ് സംഭവം സുഹൃത്തുക്കളോട് പറഞ്ഞതോടെ പ്രദേശത്ത് അഭ്യൂഹങ്ങൾ പ്രചരിക്കുകയും, പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.
ഒൻപതാം ക്ലാസിൽ പഠനം നിർത്തിയ 16 വയസ്സുകാരനുമായി സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. ഒരു സുഹൃത്തിൻ്റെ വീട്ടിലാണ് താമസമെന്ന് പെൺകുട്ടി സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും, പ്രതിയുടെ കുടുംബത്തിൻ്റെ അറിവോടെയായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. സംഭവത്തിൽ പോക്സോ നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച നാടൻ തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.