പാർലമെന്റിൻ്റെ വർഷകാല സമ്മേളനം രാജ്യത്തിൻ്റെ വികസനത്തിനും പുരോഗതിക്കും ഫലപ്രദമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ വംശജനെയും ആദ്യമായി ബഹിരാകാശത്തെത്തിയ മലയാളിയായ അനിൽ മേനോനെയും രാജ്യത്തിൻ്റെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം വണ്ണിനെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. യുവതലമുറയുടെ കഴിവും പരിശ്രമവുമാണ് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനിൽ രാജ്യത്തിന് സമർപ്പിച്ച എണ്ണ ശുദ്ധീകരണ ശാല, പുതിയ സെമികണ്ടക്ടർ പ്ലാന്റ്, ഹൈഡ്രജൻ ട്രെയിൻ സർവീസ് തുടങ്ങിയ വികസന പദ്ധതികളും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിൻ്റെ ശാസ്ത്രജ്ഞർ, എൻജിനിയർമാർ, സംരംഭകർ, തൊഴിലാളികൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷം മൂലം ഊർജ്ജ മേഖലയിലും പെട്രോൾ, ഡീസൽ, എൽപിജി, വളം, ധാതുക്കൾ എന്നിവയുടെ ലഭ്യതയിലും വെല്ലുവിളികൾ ഉണ്ടായിട്ടും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.7 ശതമാനം വളർച്ച കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മുന്നേറ്റത്തിന് കൂടുതൽ ഊർജം പകരുന്ന വേദിയായി പാർലമെന്റ് സമ്മേളനം മാറണമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പാർലമെന്റിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ള അനുഭവസമ്പന്നരായ അംഗങ്ങളുടെ അറിവും നിർദേശങ്ങളും രാജ്യത്തിന് പ്രയോജനപ്പെടണമെന്നും വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സഭയിൽ ചർച്ചകൾ നടക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Related Posts