കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദന്തേലിയിലെ സ്വകാര്യ റിസോർട്ടിൽ സാഹസിക വിനോദമായ സിപ്പ്ലൈനിൽ നിന്ന് വീണ് 24-കാരനായ വിനോദസഞ്ചാരിക്ക് ഗുരുതര പരിക്കേറ്റു. വിജയപുര സ്വദേശിയായ കുബേർ സുർപൂരിക്കാണ് അപകടത്തിൽ കൈയ്ക്കും കാലിനും ഒന്നിലധികം പൊട്ടലുകളും നാഡിക്ക് ഗുരുതര പരിക്കുകളും സംഭവിച്ചത്.

ജൂലൈ 3-നാണ് സംഭവം നടന്നത്. റിസോർട്ടിലെ സിപ്പ്ലൈനിൽ യാത്ര ആരംഭിച്ച് ഏതാനും സെക്കൻഡുകൾക്കകം യുവാവ് നിയന്ത്രണം വിട്ട് ഏകദേശം 40 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ സിപ്പ്ലൈനിൽ നിന്ന് താഴെയുള്ള നടപ്പാതയിലേക്ക് ഇടിച്ചുവീഴുന്നതാണ് കാണുന്നത്. അപകടത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സാഹസിക വിനോദങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി.

അപകടത്തിന് പിന്നാലെ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ ഉടൻ ദന്തേലി സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി വിജയപുരയിലേക്കും പിന്നീട് മഹാരാഷ്ട്രയിലെ മിറാജിലെ പ്രത്യേക ആശുപത്രിയിലേക്കും മാറ്റി.

സംഭവത്തെ തുടർന്ന് സാഹസിക വിനോദങ്ങൾ നടത്തുന്ന കേന്ദ്രങ്ങളിൽ സുരക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാരം, സ്ഥിരം പരിശോധന, പരിശീലനം ലഭിച്ച ജീവനക്കാരുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts