കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ യുവാവ് മകളേയും ഭാര്യാമാതാവിനേയും ഭാര്യാസഹോദരിയേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. ബലേഹൊന്നൂര്‍ സ്വദേശി രത്‌നാകര്‍ ഗൗഡ (40) ആണ് മൂന്നുപേരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ ഭാര്യാസഹോദരീഭര്‍ത്താവിന് പരിക്കേൽക്കുകയും ചെയ്തു.
ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യയുടെ വീട്ടിൽ വെച്ച് ഭാര്യാമാതാവുമായി തർക്കമുണ്ടായി. തുടർന്നാണ് ഇയാൾ ആക്രമിച്ചത്. സ്വാതിയുടെ അമ്മ ജ്യോതി (50), സഹോദരി സിന്ധു (24), ആറുവയസ്സുള്ള മകൾ മൗല്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ സഹോദരീ ഭർത്താവ് അവിനാഷ് (38)ആശുപത്രിയിൽ ചികിത്സയിലാണ്.
8 വർഷം മുമ്പാണ് രത്നാകറും സ്വാതിയും വിവാഹിതരായത്. രണ്ടുവർഷമായി ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. സ്‌കൂൾ ബസ് ഡ്രൈവറാണ് രത്നാകർ. കൊലപാതകസമയത്ത് സ്വാതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. 3 കൊലപാതകങ്ങൾ നടത്തിയ പ്രതി അതേ തോക്ക് ഉപയോഗിച്ചാണ് സ്വയം ജീവനൊടുക്കിയത്. ഇയാൾ ഇതിന് മുമ്പ് വാട്സാപ്പിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
“ഞാൻ എൻ്റെ തീരുമാനമെടുത്തു. ഭാര്യ എന്നെ ചതിച്ച് രണ്ടുവർഷംമുമ്പ് വിട്ടുപോയി. മകളെപ്പോലും ഉപേക്ഷിച്ചാണ് അവൾ പോയത്. മകൾ ഇപ്പോൾ എനിക്കൊപ്പമാണ്. എൻ്റെ ജീവിതം, എൻ്റെ സന്തോഷം, അവളുടെ പ്രണയം എല്ലാം പോയി. മകളോട് അവളുടെ കൂടെ പഠിക്കുന്നവർ, അമ്മയെവിടെ എന്ന് ചോദിക്കുന്നു. എൻ്റെ അനുവാദമില്ലാതെ ഒരുദിവസം ആൽബത്തിൽനിന്ന് ഫോട്ടോ എടുത്ത് അവളുടെ സഹപാഠികൾക്ക് കാണിച്ചുകൊടുത്തു. അമ്മയെവിടെയെന്ന് ആവർത്തിച്ച് ചോദിക്കുന്നത് അവളെ വേദനിപ്പിക്കുന്നു” എന്നാണ് രത്നാകർ പങ്കുവെച്ച വീഡിയോയിലെ വാക്കുകൾ. സംഭവത്തിൽ പോലീസ് രണ്ടുകേസുകൾ രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടർന്നിട്ടുണ്ട്.