കോൺഗ്രസിൻ്റെ നിരവധി മുസ്‌ലിം നേതാക്കളും ഭാരവാഹികളും ദക്ഷിണ കന്നട ജില്ലയിൽ കൂട്ടത്തോടെ രാജിവെച്ചു. അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ദക്ഷിണ കന്നട ജില്ല കോൺഗ്രസ് ന്യൂനപക്ഷ സെൽ പ്രസിഡൻ്റ് കെ.കെ.ഷാഹുൽ ഹമീദ്, കെ.പി.സി.സി സെക്രട്ടറി എം.എസ് മുഹമ്മദ് എന്നിവരാണ് രാജിവെച്ച പ്രമുഖർ.
ബോളാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ നടന്ന അടിയന്തര യോഗത്തിൽ പാർട്ടി പ്രവർത്തകർ നേതാക്കളെ സമ്മർദത്തിലാക്കുകയായിരുന്നു. ഏപ്രിൽ 27 ന് മലയാളി മലപ്പുറം സ്വദേശി അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തോട് ഭരണകൂടവും പൊലീസും സ്വീകരിച്ച സമീപനം തന്നെയാണ് അബ്ദുറഹ്മാൻ വധത്തിലും ആവർത്തിക്കുകയാണെന്ന് പ്രവർത്തകർ യോഗത്തിൽ രോഷം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പ്രശ്‌നപരിഹാരത്തിന് സാവകാശം ആവശ്യപ്പെട്ടുവെന്നും നേതാക്കൾ പറഞ്ഞെങ്കിലും അണികൾ കൂടുതൽ ക്ഷുഭിതാരയതോടെ നേതാക്കൾ പ്രവർത്തകർക്കൊപ്പം നിൽക്കുകയായിരുന്നു. യോഗത്തിൽ ബുത്ത് തലം മുതൽ ജില്ലാ, സംസ്ഥാന ഭാരവാഹികൾ വരെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
മുൻ കോർപറേഷൻ കൗൺസിലർ അബ്ദുൾ റൗഫ്, കെ.പി.സി.സി സെക്രട്ടറി എം.എസ് മുഹമ്മദ്, കെ.കെ. ഷാഹുൽ ഹമീദ്, സുഹൈൽ കണ്ടക് തുടങ്ങിയവർ സംസാരിച്ചു ആദ്യം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത് സുഹൈൽ കണ്ടക് ആണ്. ഷാഹുൽ ഹമീദ്, എം.എസ്. മുഹമ്മദ് തുടങ്ങിയ നേതാക്കൾ ഓരോരുത്തരായി പാർട്ടി പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ചു. കോൺഗ്രസ് നേത്യത്വത്തിനും സംസ്ഥാന സർക്കാരിനുമുള്ള ശക്തമായ സന്ദേശമാണ് കൂട്ടായ രാജികളെന്ന് സമ്മേളനം പ്രഖ്യാപിച്ചു.