ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി തസ്ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താനെയാണ് എക്സൈസ് സംഘം തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയത്. ഹൈബ്രിഡ് കഞ്ചാവ് വിദേശത്തു നിന്ന് എത്തിച്ചതിൻ്റെ തെളിവുകള്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തസ്ലീമയെ കഴിഞ്ഞ ബുധനാഴ്ചയാണ് വിദേശത്ത് നിന്ന് രണ്ടുകോടി രൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസില്‍ പോലിസ് പിടികൂടുന്നത്.
ഹൈബ്രിഡ് കഞ്ചാവ് തായ്ലാന്‍ഡില്‍ നിന്നാണ് എത്തിച്ചതെന്നാണ് സൂചന. തസ്ലീമയെ മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് പിടികൂടിയത്. പോലിസ് സുഹൃത്തായ മണ്ണഞ്ചേരി സ്വദേശി കെ ഫിറോസിനെയും പിടികൂടിയിരുന്നു. സംഭവസമയത്ത് കാറില്‍ സുല്‍ത്താൻ ഉണ്ടായിരുന്നു. എന്നാല്‍ ലഹരിക്കടത്തില്‍ ബന്ധമില്ലെന്ന നിഗമനത്തില്‍ സുല്‍ത്താനെ അന്ന് കസ്റ്റഡിയിലെടുത്തിരുന്നില്ല. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതിലെ ഇയാളുടെ പങ്ക് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വ്യക്തമായത്.