ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും ആണവ-മിസൈൽ ശേഷി തകർക്കാനും ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി മൂന്നാം ഘട്ട സൈനിക ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു മുന്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡണ്ട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ, പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനുനേരെ യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം നടത്തിയതായി ട്രംപ് വെളിപ്പെടുത്തി.
ആദ്യഘട്ട ആക്രമണത്തിൽ 49 പ്രമുഖർ കൊല്ലപ്പെട്ടു. പുതിയ നേതൃത്വത്തെ ലക്ഷ്യമിട്ടു നടന്ന തുടർച്ചയായ ആക്രമണങ്ങൾ വലിയ നാശം വരുത്തി. ഭാവിയിൽ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നു പ്രതീക്ഷ ഭൂരിഭാഗം പേരും ഇപ്പോൾ ജീവനോടെയില്ല. ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തു. റഡാർ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തു. ഇറാന് ഇപ്പോൾ നാവികസേനയോ വ്യോമസേനയോ ഇല്ല. – ട്രംപ് പറഞ്ഞു.