തൃശൂർ കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെ വീട്ടിൽ കയറി ആക്രമിച്ച എട്ടംഗസംഘം അറസ്റ്റിൽ. മൊബൈൽ ഫോണുകളും പണവും സ്വർണാഭരണങ്ങളും കവർന്ന യുവതികളടക്കമുള്ള എട്ടംഗസംഘമാണ് പിടിയിലായത്. കർണാടക, തമിഴ്നാട് സ്വദേശികളായ 3 യുവതികളും 2 ട്രാൻസ്ജെൻഡർമാരും 3 യുവാക്കളുമടങ്ങുന്ന സംഘമാണു പിടിയിലായത്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ഇന്നലെ രാത്രി 12.30 നാണ് സംഭവം. സംഭവത്തിനുശേഷം കാറിലും ബൈക്കിലും രക്ഷപ്പെട്ട പ്രതികളെ പട്ടിക്കാട്ടുവച്ചാണു പോലീസ് പിടികൂടിയത്. സ്പാ നടത്തിപ്പുകാരി വിവരമറിയിച്ചതിനെത്തുടർന്ന് നെടുപുഴ പോലീസ് പട്ടിക്കാട്ടുവച്ച് അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 5 മൊബൈൽ ഫോണുകളും 20,000 രൂപയും സ്വർണാഭരണങ്ങളുമാണു പ്രതികൾ കവർന്നത്. സ്പായിലെ സ്വകാര്യദൃശ്യങ്ങളടക്കം മോഷ്ടിച്ച മൊബൈൽ ഫോണുകളിൽ ഉള്ളതായി പോലീസ് പറഞ്ഞു.