അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമായി. ഇറാൻ്റെ തെക്കൻ തീരമേഖലകളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായും അമ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇതിന് പിന്നാലെ ജോർദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ–സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ–ഡ്രോൺ ആക്രമണം നടത്തി.

ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ഇറാൻ ശ്രമിച്ചെന്നാരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. അസലൂയേ, ബന്ദർ അബ്ബാസ്, ചാബഹാർ, സിറിക് തുടങ്ങിയ മേഖലകളിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്.

സിറിക്കിൽ വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന വീടിന് മുകളിലേക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതിനും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനുമായി റെഡ് ക്രസന്റ് സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തിരിച്ചടി ആരംഭിച്ചു. ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിനും യുഎസ് മറൈൻ കേന്ദ്രത്തിനും നേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. വടക്കൻ ഇറാഖിലെ എർബിലിലുള്ള യുഎസ് കേന്ദ്രങ്ങൾക്കുനേരെയും ഡ്രോൺ–മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

അമേരിക്കയുടെ നിരീക്ഷണ ബലൂൺ നിയന്ത്രണ സംവിധാനങ്ങൾ, ഇന്ധന ടാങ്കുകൾ, സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണുകൾ എന്നിവ തകർത്തതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയ്ക്ക് മറക്കാനാകാത്ത പാഠങ്ങൾ നൽകാനുള്ള ശേഷി ഇറാനുണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാൻ അയച്ച ഡ്രോണുകൾ തങ്ങൾ തടഞ്ഞതായി ബഹ്റൈൻ അറിയിച്ചു. വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.

ഇറാൻ്റെ ഭാഗത്തുനിന്ന് കൂടുതൽ തിരിച്ചടികളുണ്ടായാൽ അതിശക്തമായ സൈനിക നടപടി സ്വീകരിക്കേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള ആശങ്ക ശക്തമായിരിക്കുകയാണ്.

Related Posts