തിരുവനന്തപുരം–മുംബൈ നേത്രാവതി എക്സ്പ്രസിൽ മലയാളി കുടുംബത്തിൻ്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്മിത പണിക്കരും മകൾ ശ്രുതി പണിക്കരുമാണ് കവർച്ചയ്ക്കിരയായത്.
സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മൂന്ന് സ്വർണവളകളും മാലകളും ഉൾപ്പെടെയുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. ഗോവയ്ക്കും തിവിമിനുമിടയിലെ മജോർഡ ജങ്ഷന് സമീപമാണ് കവർച്ച നടന്നതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ട്രെയിൻ വേഗം കുറച്ച സമയത്ത് സ്മിത പണിക്കരുടെ സമീപത്തെത്തിയ മോഷ്ടാവ് കൈവശമുണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. സ്മിത ബാഗ് തിരികെ പിടിക്കാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ പിടിവലി നടന്നു.
പിടിവലിക്കിടെ സ്മിത വലിയ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് ബാഗ് കൈക്കലാക്കിയ മോഷ്ടാവ് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
യാത്രക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ലോക്കർ കവർച്ച സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന കെ. എൻ. നിഖിൽ കുമാറിനായാണ് പോലീസ് തിരച്ചിൽ ഊർജിതമാക്കിയത്. പ്രതിയെ പിടികൂടുന്നതിനും മോഷ്ടിച്ച സ്വർണം കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണ്.