സര്‍ക്കാരിന്റെ ഓണ സമ്മാനമായി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് 2 ഗഡു ക്ഷേമ പെന്ഷന് ഒരുമിച്ച് ലഭിക്കും. 1679 കോടി ഇതിനായി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഓണത്തിന് 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്ഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചത്.
ഗുണഭോക്താക്കള്‍ക്ക് ശനിയാഴ്ച മുതല്‍ ഇത് ലഭിച്ചു തുടങ്ങും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.