മുന്‍മാനേജരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദന്‍. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ ആരോപിച്ചു. ബുധനാഴ്ച എറണാകുളം സെഷന്‍സ് കോടതി ഹര്‍ജി പരിഗണിക്കും. മുന്‍മാനേജരായ വിപിന്‍ കുമാറിൻ്റെ പരാതിയില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദനെതിരെ ചുമത്തിയിരിക്കുന്നത്. വിശദമായ വിശദമായ അന്വേഷണം കേസില്‍ ഉണ്ടാവുമെന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് അറിയിച്ചു.

ഉണ്ണി മുകുന്ദന്‍ വിപിനെ കരണത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിൻ്റെ പരാതിയിലുണ്ട്. ഉണ്ണി മുകുന്ദനെതിരെ കഴിഞ്ഞ ദിവസമാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ കുമാര്‍ പോലീസില്‍ പരാതിയുമായെത്തിയത്. താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫ്‌ളാറ്റിലെ പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നായിരുന്നു പരാതി. തൻ്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ വിപിന്‍ കുമാറിനെ ശാരീരികമായി മര്‍ദിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. വിപിന്‍ തൻ്റെ പേഴ്‌സണല്‍ മാനേജര്‍ അല്ല. അയാളുമായി നേരത്തേ പ്രശ്‌നങ്ങളുണ്ട്. വിപിന്‍ കാരണം തനിക്ക് ജോലിയില്‍ പല ബുദ്ധിമുട്ടുകളുമുണ്ടായി. ആരോപണങ്ങള്‍ അസത്യമാണ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണണെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടു.

Related Posts