ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. അട്ടപ്പാടിയിൽ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്. ഒരു മണിക്കൂറോളം വിവസ്ത്രനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി മെയ് 24 നായിരുന്നു സംഭവം. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘമാണ് മർദിച്ചത്. ചിറ്റൂർ സ്വദേശി സിജു വേണു (19)വിനാണ് പരിക്കേറ്റത്. മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.

ചെവിക്ക് പിന്നിലും കണ്ണിന് സമീപത്തും മുതുകിലും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്. ഷോളയൂർ സ്വദേശി ജോയി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് വണ്ടി. സിജു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിൻ്റെ ഉടമ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിൻ്റെ ചില്ല് തകർത്തെന്നും ഇവർ ആരോപിക്കുന്നു.

യുവാവിനെതിരെ വാഹന ഉടമയുടെ പരാതിയിൽ അഗളി പോലീസാണ് കേസെടുത്തിരിക്കുന്നത്. യുവാവിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ പോലീസ് ഷിബുവിൻ്റെ മൊഴിയെടുത്തു. എന്നാൽ ആദിവാസി യുവാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.

Related Posts