പാലക്കാട് സർക്കാർ ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന സ്വദേശി 9 വയസുകാരി വിനോദിനിയ്ക്ക് ഇന്ന് കൃത്രിമക്കൈ വച്ചു നൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിക്കാണ് ശസ്ത്രക്രിയ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും. മാധ്യമ വാർത്തകൾക്ക് പിന്നാലെ വിഡി സതീശനാണ് ശസ്ത്രക്രിയയ്ക്കു വേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയത്.

2025 സെപ്തംബറിൽ സഹോദരങ്ങൾക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെയാണ് വിനോദിനിയുടെ വലതു കൈയ്ക്ക് അപകടം സംഭവിച്ചത്. തുടർന്ന് സർക്കാർ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് കൈ മുറിച്ചു മാറ്റിയത്. 2025 സെപ്തംബർ 24 നായിരുന്നു അപകടം സംഭവിച്ചത്. കൈ നഷ്ടമായതിനു പിന്നാലെ സ്‌കൂളിൽ പോകാനാകാതെ വീട്ടിൽ തന്നെയായിരുന്നു വിനോദിനി. കൃത്രിമക്കൈ വയ്ക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു വീട്ടുകാർ. ഇതിനിടെയാണ് കുട്ടിക്ക് കൃത്രിമക്കൈ വയ്ക്കുന്നതിനുള്ള സഹായം വിഡി സതീശൻ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്‌തത്.

Related Posts