മെഡിസെപ്പിന്‍റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് അംഗങ്ങൾക്ക് ഡാറ്റയിൽ ഫെബ്രുവരി 25 വരെ തിരുത്തൽ വരുത്താമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. മെഡിസെപിലെ ഡാറ്റയിൽ കൂട്ടിച്ചേർക്കലുകളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ, അതത് ട്രഷറി മുഖേനയും ബാങ്കിലൂടെ പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും തിരുത്തലുകൾ വരുത്തണം.
ഫെബ്രുവരി 25 നുശേഷം ആശ്രിതരെ ഉൾപ്പെടുത്താനോ തെറ്റുകൾ തിരുത്താനോ അവസരമുണ്ടാകില്ല. രണ്ടാംഘട്ടത്തിൽ 5 ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ലഭിക്കും. വാർഷിക പ്രീമിയം 8,244 രൂപയാണ്. ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും പ്രതിമാസം 687 രൂപ കുറയ്ക്കും. ആദ്യഘട്ടത്തിൽ 500 രൂപയായിരുന്നു. മെഡിക്കൽ, സർജിക്കൽ ഉൾപ്പെടെ 2,516 പാക്കേജുകൾ പരിഷ്‌കരിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസ മുറിവാടക 5,000 രൂപയാക്കിയും സർക്കാർ പേ വാർഡ് മുറി വാടക 2,000 രൂപയാക്കിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ജീവനക്കാർക്കും പെൻഷൻകാർക്കും www.medisep.kerela.gov.in എന്ന ൽ ലോഗിൻ ചെയ്ത് മെഡിസെപ് ഐ.ഡി കാർഡ് ഡൗൺലോഡ് ചെയ്യാം. പെൻഷൻകാർ മെഡിസെപ്പ് ഐ.ഡി.യൂസർ ഐ.ഡിയായും പി.പി.ഒ നമ്പർ പാസ്‍വേർഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.