ഒപ്പം താമസിച്ചിരുന്നയാളുടെ വെട്ടേറ്റ് മാതാവ് മരണപ്പെട്ടതിന് പിന്നാലെ കാണാതായ പ്രതിയെയും ഒമ്പത് വയസ്സുകാരിയേയും വയനാട് വനമേഖലയിൽ നിന്നും കണ്ടെത്തി. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്‌നം കണ്ടെത്താനായിട്ടില്ല. പ്രതിയെയും കുട്ടിയെയും കാട്ടിക്കുളം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെ വൈദ്യപരിശോധന നടത്തും.

മാതാവ് പ്രവീണയെ ദിലീഷ് ഇന്നലെ രാത്രി 8.30 യോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രവീണയുടെ മൂത്തമകളായ 14 വയസ്സുകാരിയെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിനിടയിൽ ശബ്‌ദം കേട്ട് ആൾക്കാർ ഓടിയെത്തിയപ്പോൾ ഇയാൾ വീട്ടിലെ ഫ്യൂസ് ഊരി ഇളയകുട്ടിയുമായി വീടിനടുത്ത വനമേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരും പോലീസും വനംവകുപ്പും ആർആർടി വിഭാഗവും ഇന്നലെ രാത്രി മുഴുവൻ ഇരുവർക്കുമായി തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ പുതപ്പും മൊബൈൽഫോണും കണ്ടെത്തിയതിന് പിന്നാലെ തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നും പ്രതിയെയും പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു.

Related Posts