സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് പ്രതിസന്ധി മറികടക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം തുടരുമെന്നും അടിയന്തരമായി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം വർധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. അമാനുഷികമായി പ്രശ്നം പരിഹരിക്കാനാകില്ലെന്നും മുൻ സർക്കാരിൻ്റെ വീഴ്ചകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിഷയം സംബന്ധിച്ച് ചർച്ച നടത്തിയതായി മന്ത്രി അറിയിച്ചു. ഇന്ന് അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തും. പ്രതിസന്ധി സംബന്ധിച്ച വിഷയം കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമങ്ങളും തുടരും.

രാത്രി സമയത്തെ വൈദ്യുതി ഉപഭോഗം വളരെ ഉയർന്നതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന മറ്റൊരു ഘടകം. സോളാർ വൈദ്യുതിയുടെ ഉത്പാദനം വർധിച്ചിട്ടുണ്ടെങ്കിലും അത് സംഭരിക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് പര്യാപ്തമല്ല. ഇതിനായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കാണുന്നതിൻ്റെ ഭാഗമായി എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ച് പുതിയ പ്ലാന്റ് ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ് അറിയിച്ചു.

Related Posts