ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസിൻ്റെ രണ്ടാമത്തെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. വ്യാഴാഴ്ച നടന്ന പരീക്ഷണ ഓട്ടത്തിൽ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മംഗളൂരു ജംഗ്ഷനിലെത്താൻ ട്രെയിനെടുത്തത് 7 മണിക്കൂർ 5 മിനിറ്റ് മാത്രം.
യശ്വന്ത്പൂരിൽ നിന്ന് രാവിലെ 6.50ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.55നാണ് മംഗളൂരു ജംഗ്ഷനിലെത്തിയത്. സാധാരണ ട്രെയിനുകൾക്ക് ഇതേ റൂട്ടിൽ ഒൻപത് മുതൽ പത്ത് മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് വന്ദേ ഭാരത് കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയത്.
ഹാസൻ, സകലേശ്പൂർ, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ എന്നിവിടങ്ങളിലാണ് ട്രയൽ റണ്ണിനിടെ സ്റ്റോപ്പുകളുണ്ടായിരുന്നത്.
മംഗളൂരു ജംഗ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2.25ന് പുറപ്പെട്ട ട്രെയിൻ രാത്രി 9.14ന് യശ്വന്ത്പൂരിൽ തിരിച്ചെത്തി. 6 മണിക്കൂർ 49 മിനിറ്റായിരുന്നു മടക്കയാത്രയ്ക്ക് എടുത്ത സമയം. മടക്കയാത്ര 7 മണിക്കൂർ 20 മിനിറ്റിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
സെപ്റ്റംബർ അഞ്ചിന് നടത്തിയ ആദ്യ ട്രയൽ റണ്ണിനിടെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ വീണ്ടും പരീക്ഷണ ഓട്ടം നടത്തിയത്.
ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനമുൾപ്പെടെ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള 16 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനാണ് പരീക്ഷണ ഓട്ടം നടത്തിയത്. രണ്ടാമത്തെ ട്രയൽ റൺ വിജയകരമായിരുന്നുവെന്നാണ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.