കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രചിച്ച നീരിന ഹെജ്ജെ (ജലത്തിൻ്റെ കാൽപാട്) എന്ന പുസ്തകത്തിൻ്റെ പ്രകാശനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് നിർവ്വഹിക്കും. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജലത്തർക്കത്തിൻ്റെ പശ്ചാത്തലത്തിൽ ഡി.കെ.ശിവകുമാർ രചിച്ചതാണ് നീരിന ഹെജെജ്ജ (ജലത്തിൻ്റെ കാൽപാട്). വിധാൻസൗധയിലെ ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് നാലിനാണ് പ്രകാശനച്ചടങ്ങ്. സിദ്ധരാമയ്യ സർക്കാർ രണ്ടര വർഷം പൂർത്തിയാകാനിരിക്കെ മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റമുണ്ടാകുമോയെന്ന് രാഷ്ട്രീയവൃത്തങ്ങൾ ആകാംക്ഷ പങ്കുവെക്കുമ്പോഴാണ് പ്രകാശനച്ചടങ്ങ് വരുന്നത്.

ജലത്തിനുവേണ്ടി സംസ്ഥാനം നടത്തിയ യാത്രയെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് പുസ്‌തകമെന്ന് ശിവകുമാർ പറഞ്ഞു. അതിൻ്റെ സമരവും ചരിത്രവും ഭാവിയിലെ സാധ്യതകളും വിവരിക്കാനാണ് ശ്രമിച്ചത്. ജലവിഭവ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രികൂടിയാണ് ശിവകുമാർ. രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യയും ബാക്കി രണ്ടരവർഷം ഡി.കെ.ശിവകുമാറുമെന്നാണ് പാർട്ടി ഹൈക്കമാൻഡ് തുടക്കത്തിലുണ്ടാക്കിയ ധാരണ. എന്നാൽ മുഖ്യമന്ത്രിസ്ഥാനത്ത് താൻ അഞ്ചു വർഷം തികയ്ക്കുമെന്ന് സിദ്ധരാമയ്യ പലതവണ വ്യക്തമാക്കിയിരുന്നു.

Related Posts