മൂന്നംഗകുടുംബം സഞ്ചരിച്ച ഇരുചക്രവാഹനം കാറിടിപ്പിച്ചുവീഴ്ത്തി കടന്നുകളഞ്ഞ സംഭവത്തിൽ സോഫ്റ്റ്‌വേർ എൻജിനിയറായ സുകൃത് കേശവ് ഗൗഡ(23) അറസ്റ്റിൽ. എ. വിനീത് (33), ഭാര്യ അങ്കിത (31) എന്നിവരും ഇവരുടെ ചെറിയമകനും സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നിൽ സുകൃത് കാറിടിപ്പിക്കുകയായിരുന്നു. മൂന്നുപേരും റോഡിൽ വീണെങ്കിലും സുകൃത് കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞമാസം 26-ന് ബെംഗളൂരു ന്യൂബെൽ റോഡിലെ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം. പരിക്കേറ്റ വിനീതിനെയും അങ്കിതയെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അറസ്റ്റിലായ സുകൃതിനെ പിന്നീട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. കൊലപാതക ശ്രമക്കേസാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സദാശിവനഗർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുകൃത് പിടിയിലായത്. ഇയാൾ മനഃപൂർവം സ്‌കൂട്ടറിനു പിന്നിൽ കാറിടിപ്പിച്ചതായിട്ടാണ് സിസിടിവി ക്യാമറയിൽനിന്ന് വ്യക്തമായത്. കാറിന് കടന്നുപോകാൻ സ്ഥലം നൽകാത്തതിൻ്റെ ദേഷ്യത്തിലാണ് കാറിടിപ്പിച്ചതെന്നാണ് വിവരം.