നടി രണ്യ റാവു ഉള്‍പ്പെട്ട 102 കോടി രൂപയുടെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. വ്യാജരേഖകളും വിഐപി സൗകര്യങ്ങളും ഉപയോഗിച്ച്, ദുബായില്‍ നിന്ന് 15 യാത്രകളിലൂടെ 127.87 കിലോഗ്രാം സ്വര്‍ണം രണ്യ റാവു കടത്തിയെന്നാണ് കണ്ടെത്തല്‍.

കോടതിയില്‍ സമര്‍പ്പിച്ച വിശദമായ കുറ്റപത്രത്തില്‍ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിനിനെയും നടിയുടെ സുഹൃത്തായ തരുണ്‍ കൊണ്ടൂരുവിനെയും പ്രതിയാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 127 കിലോഗ്രാമിലധികം സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയ രണ്യ റാവുവും സംഘവും നടത്തിയ ഈ അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് ശൃംഖല ഇഡിയുടെ നിരീക്ഷണത്തിലാണ്.

ദുബായിലെ സ്വർണവിപണിയില്‍ ഭൂരിഭാഗം സ്വര്‍ണവും ആഫ്രിക്കന്‍ ഖനികളില്‍ നിന്നാണ് വരുന്നതെന്നറിഞ്ഞ രണ്യ റാവുവും കൊണ്ടൂരുവും ആഫ്രിക്കയില്‍ നിന്ന് നേരിട്ട് സ്വര്‍ണം ശേഖരിക്കാന്‍ പദ്ധതിയിട്ടു. ഇതിനായി ദുബായില്‍ ‘വീര ഡയമണ്ട്‌സ് ട്രേഡിംഗ്’ എന്നൊരു കമ്പനി സ്ഥാപിക്കുകയും കെനിയ, ഉഗാണ്ട, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണ്ണം ലഭിക്കാനുള്ള വഴി തേടുകയും ചെയ്തു. ബെന്‍ എന്ന ഏജന്റിന് 5 കിലോഗ്രാം സ്വര്‍ണം വാങ്ങാന്‍ 23.5 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. കൂടാതെ, നികുതിയുടെയും മറ്റ് ഫീസുകളുടെയും പേരില്‍ 9.4 ലക്ഷം രൂപ വീതം രണ്ട് ഗഡുക്കളായി വേറെയും നല്‍കി. എന്നാല്‍ സ്വര്‍ണ്ണം ലഭിച്ചില്ല. ഉഗാണ്ട വഴിയുള്ള മറ്റൊരു ശ്രമത്തില്‍ രണ്ട് കോടി രൂപയുടെ നഷ്ടവുമുണ്ടായി എന്നും കുറ്റപത്രത്തില്‍ പറയുന്നു.

Related Posts