വീട്ടുജോലിക്കാരി നൽകിയ പീഡനപരാതിയിൽ ജനതാദൾ സെക്കുലാർ മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. രേവണ്ണയ്ക്കുള്ല ശിക്ഷ നാളെ വിധിക്കും. പ്രജ്വലിൻ്റെ ഹസനിലെ ഫാം ഹൗസിലെ ജോലിക്കാരിയായ 48കാരി നൽകിയ പരാതിയാണ് കോടതി ഇപ്പോൾ പരിഗണിച്ചത്. രണ്ട് തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ഉൾപ്പെടെ 26 തെളിവുകൾ കോടതി നേരത്തേ പരിശോധിച്ചിരുന്നു. പ്രജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസിൽ ആദ്യത്തെ കേസാണിത്

കഴിഞ്ഞ ലോക‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഹസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയായിരുന്നു പ്രജ്വൽ. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രജ്വൽ വിദേശത്തേക്ക് കടന്നു. തിരിച്ചുവന്നപ്പോൾ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞ വർഷം മേയ് 31നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.

Related Posts