പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിക്ക് സമീപത്തുനിന്ന് ലൈസൻസുള്ള തോക്കുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ബാന്ദ്ര-കുർള കോംപ്ലക്സിലെ നീത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.

ഇവരുടെ പക്കൽനിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കുന്ന വ്യാജ ഐഡി കാർഡും പൊലീസ് കണ്ടെത്തി. അറസ്റ്റിലായവരിൽ ഒരാൾ 24കാരനായ രോഹൻ പരേഖാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ ഐഡി കാർഡ് ഇയാളുടെ കൈവശമായിരുന്നു. രണ്ടാമത്തെ വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ വേദിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ഇരുവരും ബികെസിയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സുരക്ഷാ പരിശോധനയ്ക്കിടെ താൻ പിഎംഒ ഉദ്യോഗസ്ഥനാണെന്ന് ഇവരിൽ ഒരാൾ അവകാശപ്പെട്ടു. തുടർന്ന് സംശയം തോന്നിയ പൊലീസ് വിശദമായ പരിശോധന നടത്തുകയായിരുന്നു. പിഎംഒ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയായ ബികെസിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts