ഇന്ത്യ – ചൈന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഈ മാസം അവസാനം ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചർച്ച നടത്തും. ഇന്ത്യ – ചൈന അതിർത്തി മേഖലകളിലെ സംഘർഷാവസ്ഥ ലഘൂകരിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു.
അമേരിക്ക ഇന്ത്യയ്ക്കും ചൈനയ്ക്കും തിരുവ ചുമത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിൻ എന്നിവർ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും. ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വാങ് യി ഇന്ത്യയിലെത്തുന്നത്.