പാർലമെൻററി നടപടികളിൽ മികച്ച ഇടപെടൽ നടത്തുന്നു;എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രൻ പാർലമെൻററി നടപടികളിൽ മികച്ച ഇടപെടൽ നടത്തുന്നുണ്ട്. നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് അദ്ദേഹം സഭയിലെത്തുന്നത്. – പ്രധാനമന്ത്രി പറഞ്ഞു.
പ്രേമചന്ദ്രൻ തങ്ങൾക്ക് മാതൃകയാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. പാർലമെന്റിൻ്റെ ശീതകാല സമ്മേളനം പൂർത്തിയായശേഷം സ്പീക്കർ ഓം ബിർള ലോക്സഭയിലെ നേതാക്കൾക്ക് നൽകിയ ചായ സത്കാരത്തിലായിരുന്നു പ്രധാനമന്ത്രിയുടെയും പ്രിയങ്കാഗാന്ധിയുടെയും അഭിനന്ദനം.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ റാം മേഘ്വാൾ എന്നിവരും പ്രേമചന്ദ്രൻ്റെ പ്രകടനത്തെ പുകഴ്ത്തി. തൊഴിലുറപ്പ് ഭേദഗതി ബിൽ അടക്കം അവതരിപ്പിച്ച സമ്മേളനത്തിലെ പ്രക്ഷുബ്ധാവസ്ഥ മറന്ന് സൗഹാർദ്ദപരമായിരുന്നു യോഗം. ശീതകാല സമ്മേളനം എങ്ങനെയുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നേതാക്കളോട് ചോദിച്ചപ്പോൾ പ്രധാന ബില്ലുകൾ പെട്ടെന്ന് അവതരിപ്പിച്ചതിനാൽ പഠിക്കാൻ സമയം ലഭിച്ചില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജോർദ്ദാൻ, എത്യോപ്യ മൊൻ പര്യടനത്തെക്കുറിച്ച് പ്രിയങ്ക ആരാഞ്ഞപ്പോൾ നല്ല യാത്രയായിരുന്നുവെന്ന് മോദി മറുപടി നൽകി.
വയനാട് എം.പിയായശേഷം മലയാളം പഠിച്ചോയെന്ന മോദിയുടെ ചോദ്യത്തിന് അതേയെന്ന് പ്രിയങ്കാഗാന്ധി മറുപടി പറഞ്ഞു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം മൂലമുള്ല അലർജി തടയാൻ വയനാട്ടിൽ നിന്നുള്ള ഔഷധ സസ്യം സേവിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. വയനാട് അത്തരം ഓൗഷധ സസ്യങ്ങളുടെ സാന്നിദ്ധ്യമുള സ്ഥലമാണെന്ന് മോദി ചൂണ്ടിക്കാട്ടി.
ശീതകാല സമ്മേളനത്തിൽ ദിവസങ്ങൾ കുറഞ്ഞത് ധർമ്മേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിപക്ഷത്തിൻ്റെ തൊണ്ടയുടെ രക്ഷയെ കരുതി കുറച്ചതാണെന്ന പ്രധാനമന്ത്രിയുടെ മറുപടി ചിരി പടർത്തി
രാഹുൽ ഗാന്ധിയുടെ അഭാവത്തിലാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് പ്രിയങ്കാഗാന്ധി പങ്കെടുത്തത്. 20 മിനിട്ട് നീണ്ട യോഗത്തിൽ രാജീവ് രഞ്ജൻ സിംഗ് (ജെ ഡി യു), രാംമോഹൻ നായിഡു (ടി.ഡി.പി), സുപ്രിയ സുലേ (എൻ.സി.പി), എ.രാജ (ഡി.എം.കെ). ഡിരാജ (സി.പിഐ), ചിരാഗ് പാസ്വാൻ (എൽ.പി) തുടങ്ങിയവരും പങ്കെടുത്തു.