ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഡൽഹിയിൽ ഇന്ന് ഒപ്പിടും. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും ന്യൂസിലൻഡ് വ്യാപാര-നിക്ഷേപ മന്ത്രി ടോഡ് മക്ലേയുടെയും സാന്നിധ്യത്തിലായിരിക്കും സുപ്രധാന കരാറിൽ ഒപ്പിടുക. എല്ലാ കയറ്റുമതികൾക്കും തീരുവ ഒഴിവാക്കി ന്യൂസിലൻഡ് ഡ്യൂട്ടി ഫ്രീ വ്യാപാരം തുറന്നുനൽകുമെന്നതാണ് എഫ്ടിഎയിലൂടെ ഇന്ത്യക്കുണ്ടാകുന്ന ഏറ്റവും വലിയ നേട്ടം. പകരമായി ന്യൂസിലൻഡിന് തീരുവ ഉദാരവത്കരണമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിലെ കയറ്റുമതിക്കാർക്ക് ലോകത്തിലെ ഏറ്റവും വലിയ വ്യാപാരങ്ങളിലൊന്ന് തുറന്നുനൽകുന്ന കരാർ ’ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്’ എന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണ് ഇന്നലെ വിശേഷിപ്പിച്ചത്.
കരാറിലൂടെ ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളുടെയും തീരുവ പൂർണമായും ഒഴിവാകുകയോ കുറയുകയോ ചെയ്യും. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര, കാർഷിക മേഖലകളെ സംരക്ഷിക്കാൻ പാൽ, പാലുത്പന്നങ്ങൾ, മാംസ, ചില പച്ചക്കറി, പഞ്ചസാര, റബർ, കൃത്രിമ തേൻ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഇളവ് അനുവദിച്ചുകൊടുത്തിട്ടുമില്ല.