രാഷ്ട്രനിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ആധുനിക ഇന്ത്യയുടെ വളർച്ചയിൽ വികസനത്തിൻ്റെ നേട്ടങ്ങൾ സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ദിശയിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.
അതേസമയം, ധീരതയ്ക്കുള്ള സൈനിക മെഡലുകളും രാഷ്ട്രപതി പ്രഖ്യാപിച്ചു. ഒൻപത് സൈനികർക്ക് കീർത്തിചക്രയും ഇതിൽ ഏഴ് പേർക്ക് മരണാനന്തര ബഹുമതിയായും നൽകും. 19 പേർക്ക് ശൗര്യചക്ര ലഭിക്കും.
മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുണ്‍ വാസുദേവനും ശൗര്യചക്ര ലഭിച്ചു. രാജ്യസുരക്ഷയ്ക്കായി ധീരതയോടെ പ്രവർത്തിച്ച സൈനികരുടെ സേവനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.