അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അഞ്ച് പ്രതികൾ സംഭാവന പണം കടത്തിക്കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം, കണക്കെടുപ്പിനായി ട്രസ്റ്റ് നിയോഗിച്ചിരുന്നത് 50 പേരെയാണെന്നും, ഇവരുടെ പട്ടിക എസ്ബിഐ മുഖേന ലഭിച്ചതാണെന്നും സ്വകാര്യ ഏജൻസി അറിയിച്ചു.

അന്വേഷണത്തിന് തിരിച്ചടിയായി കഴിഞ്ഞ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെ കേസ് സിബിഐയ്ക്ക് കൈമാറുന്ന കാര്യം ഉത്തർപ്രദേശ് സർക്കാർ പരിഗണിച്ചുവരികയാണ്.

സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം, ട്രസ്റ്റിൻ്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി.

കേസിലെ മുഖ്യപ്രതിയായ ടിന്നു യാദവിൻ്റെ സഹോദരൻ, ചമ്പത് റായിയാണ് പണം തട്ടിയതെന്നും തൻ്റെ സഹോദരനെ ബലിയാടാക്കിയതാണെന്നും ആരോപിച്ചു. ഈ ആരോപണങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടുത്തി അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Related Posts