താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്കിടെ പ്രതികരണവുമായി ശ്വേതാ മേനോൻ. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും സംഘടനയെ അനാഥമാക്കിയിട്ടില്ലെന്നും ശ്വേതാ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ചിലർ കമ്മിറ്റി രാജിവെക്കണമെന്ന അജണ്ടയുമായാണ് ജനറൽ ബോഡി യോഗത്തിലെത്തിയതെന്നും അവർ ആരോപിച്ചു. ‘അമ്മ’യുടെ നിയമാവലിയിൽ അഡ്ഹോക്ക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും അത്തരമൊരു കമ്മിറ്റി എങ്ങനെ നിലവിൽ വന്നുവെന്ന് ശ്വേതാ ചോദിച്ചു. നിലവിലെ അഡ്ഹോക്ക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും പ്രവർത്തനത്തിൽ തങ്ങൾക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ജൂലൈ ഒന്നിന് നൽകേണ്ടിയിരുന്ന കൈനീട്ടം കൃത്യമായി അംഗങ്ങളിലെത്തിച്ചിട്ടുണ്ടെന്നും സംഘടനയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. സംഘടനയുടെ നിയമാനുസൃത പ്രവർത്തനങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.