ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതിയിൽ. ഡൽഹിയിലെയും റായ്‌പൂരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന്യാസ്ത്രീകൾക്ക് വേണ്ടി സഭാനേതൃത്വത്തിൻ്റെ നിർദേശപ്രകാരം ഹൈക്കോടതിയിൽ ഹാജരാകും. ബുധനാഴ്‌ച കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി ദുർഗ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി പരിഗണിച്ചിരുന്നില്ല. ബിലാസ്‌പൂർ എൻഐഎ കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

അതേസമയം, ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽ നിന്നുള്ള എംപിമാരോട് മന്ത്രി പറഞ്ഞിരുന്നു. ഇതോടെ, മലയാളി കന്യാസ്ത്രീകളുടെ 8 ദിവസം നീണ്ട ജയിൽവാസം ഇന്ന് അവസാനിച്ചേക്കും. അമിത് ഷാ നിർദേശിച്ചതുപോലെ ദുർഗ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകണമോയെന്ന കാര്യത്തിൽ കന്യാസ്ത്രീകൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരാകും തീരുമാനിക്കുക.

Related Posts