നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേരളത്തിൽ 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഒരു ജില്ലാ ജഡ്‌ജിയും പട്ടികയിലുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, കെ.പി. അൻസാർ, സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ നൽകിയ സത്യവാംഗ്‌മുലത്തിലാണ് വിവരങ്ങളുള്ളത്. വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽ നിന്നാണു ഹിറ്റ്ലിസ്റ്റിൻ്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്.

ഗ്രൂപ്പിൻ്റെ ‘റിപ്പോർട്ടർ വിംഗ്’, തങ്ങൾക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുകയും തുടർന്ന് ‘ഹിറ്റ് വിംഗ്’ അവരെ ഇല്ലാതാക്കാനായി പ്രവർത്തിക്കുന്നുവെന്നുമാണ് എൻഐഎയുടെ കണ്ടെത്തൽ. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടിക തയാറാക്കി അവരെ ഇല്ലാതാക്കാൻ പദ്ധതിയിട്ടിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു.

ആലുവയിലെ പെരിയാർവാലി കാമ്പസ് പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തീവ്രവാദത്തിലുൾപ്പെടുമെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ഹിറ്റ് ലിസ്റ്റിൽപെട്ടവരെ ഇല്ലാതാക്കാൻ കേഡർമാർക്ക് ശാരീരിക-ആയുധ പരിശീലനവും പിഎഫ്ഐ നൽകി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Related Posts